Friday, March 27, 2020

Bible Reflections- അവതീർണമാകുന്ന വചനം


വതീർണമാകുന്ന വചനം....
 - 
1. ലൂക്കാ Lk 18, 31-34
2. യോഹ. 8, 49 - 59; 1 തിമ. അദ്ധ്യായം 4.
3. യോഹ 12, 44-50
4. സങ്കീ. 23; എസക്കി. 34;  യോഹ.10,11 - 18
5. മത്താ. 18, 15-20.
6. ലൂക്കാ 3,8


വതീർണമാകുന്ന വചനം - ലൂക്കാ Lk 18, 31-34
"ഇക്കാര്യങ്ങള്‍ ഒന്നും അവര്‍ ഗ്രഹിച്ചില്ല. ഈ പറഞ്ഞതിന്‍െറ പൊരുള്‍ അവരില്‍നിന്നു മറയ്‌ക്കപ്പെട്ടിരുന്നു; അവന്‍ സംസാരിച്ചവ അവര്‍ മനസ്‌സിലാക്കിയതുമില്ല."ലൂക്കാ 18 : 34
പീഡാനുഭവ കുരിശുമരണ ഉത്ഥാനങ്ങളെ ക്കുറിച്ചുള്ള യേശുവിന്റെ മൂന്നാമത്തെ പ്രവചനം.
പ്രവചിച്ചതൊന്നും അവർക്ക് മനസ്സിലായില്ല. ഇതുവരെ അവരെ ആകർഷിച്ച യേശുവിന്റെ വ്യക്തി പ്രാഭവവുമായി ചേർന്നുപോകാത്ത പ്രവചനം!

സംഭവിക്കാനിരിക്കുന്നവയെക്കുറിച്ചുള്ള മന്നറിയിപ്പുകൾ ഇതുവരെയുള്ള എന്റെ അനുഭവത്തിന് ചേർന്നുപോകുന്നതല്ലായിരിക്കാം. എന്നാൽ, മനുഷ്യന്റെ ആയുസ്സ് എന്തുണ്ട്? ദൈവത്തിന്റെ (അനാദിമുതലേ ഉള്ള) പദ്ധതി എന്തെന്നതല്ലേ പ്രധാനം?

യേശു പ്രവചിച്ച പീഡാനുഭവ മരണ ഉത്ഥാനങ്ങൾ മനുഷ്യന് സങ്കൽപ്പിക്കുവാൻ കഴിയുന്നതിനേക്കാൾ എത്രയോ വലുത്! അതുവരെയും നേരിട്ടറിഞ്ഞ് അനുഭവിച്ചിട്ടില്ലാത്തവർക്ക് ഈ അവിശ്വാസം സ്വാഭാവികം.

എന്നാൽ, നമ്മുടെ അവിശ്വാസം? ഇന്നും ലോകത്തിന്റ നാനാ ഭാഗത്തുള്ള അൾത്താരകളിൽ കൗദാശികമായി ആവിഷ്കരിച്ച് അനുഭവവേദ്യമായി ക്കൊണ്ടിരിക്കുന്ന യാഥാർത്ഥ്യം!  കൊറോണാക്കാലത്ത് നേരിട്ടനുഭവിക്കാനാകാതാകുമ്പോൾ, അനുഭവിച്ച ഓർമ്മകളെ നന്ദിയോടെ തഴുകാം. വിശ്വസിച്ചേറ്റുപറയാം!

കൂദാശകൾക്ക് പുറത്ത്, എന്നാൽ കൂദാശയുടെ extension ആയി ഈ ആവഷ്കാരം സംഭവിക്കുന്നുണ്ട്. കൊറോണാ രോഗി ശ്വാസം കിട്ടാനായി വിഫലമെങ്കിലും നീട്ടി വലിക്കുകയും ഏങ്ങിക്കരയുകയും ചെയ്യുമ്പോൾ, ശരീരഭാരം മുഴുവൻ കുരിശിൽ നീട്ടിവച്ച് തറക്കപ്പെട്ടതിനാൽ ശ്വാസമെടുക്കാൻ കഷ്ടപ്പെടുന്ന ക്രിസ്തുവിന്റെ പീഡാനുഭവം ആവിഷ്കരിക്കപ്പെടുകയല്ലേ?
കുരിശിനു കീഴെ നിൽക്കുന്ന മറിയവും മറ്റ് സ്ത്രീകളും യോഹന്നാൻ ശ്ലീഹായും അമ്മമാരുടെയും ഭാര്യമാരുടയും കരച്ചിലിലും അജപാലകരുടെ അടക്കിപ്പിടിച്ചുള്ള നെടുവീർപ്പുകളിലും കാണാനാകുന്നില്ലേ?

കൊറോണക്കാലത്തെ മാത്രം യാഥാർത്ഥ്യമാണോ ഇത്? കുടുംബമാകുന്ന ബലിവേദിയിൽ അർപ്പിക്കപ്പെടുന്ന കുരിശു മരണ ഉത്ഥാനങ്ങളെ നമുക്ക് വിശ്വസിച്ച് ഏറ്റുപറയാം.

അവതീർണമാകുന്ന വചനം ... 
യോഹ. 8, 49 - 59; 1 തിമ. അദ്ധ്യായം 4.

"സത്യമായിട്ടും ഇത് പാലിച്ചാല്‍ നീ ഒരിക്കലും മരിക്കുകയില്ല!"

ഈ കൊറോണാ കാലത്ത് വാട്സപ്പിലും ഫേസ്ബുക്കിലും, നേരിട്ടും അല്ലാതെയും കൂടെ കൂടെ കേൾക്കുന്ന ഉപദേശങ്ങൾ! ചിലവ സത്യങ്ങളും പലതും ഭാവനാ സൃഷ്ടികളും. ആരോഗ്യ വകുപ്പോ ഭരണാധികാരികളോ തരുന്നത് നമുക്ക് സ്വീകരിക്കാം.

അപ്പോൾ സഭക്കൊന്നും പറയാനില്ല, അല്ലേ എന്ന് അടുത്ത ശ്വാസത്തിൽ ചോദിക്കുവാൻ മാത്രം കണ്ണും നട്ട് സമയം കളയുന്നവരുണ്ട്. അവര് സർക്കാരിന്റെ സന്നദ്ധ സേനയിൽ ചേർന്ന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യട്ടെ.

കൊറോണാക്കാലത്തോട് ശാരീരികമായും ഭൗതികവുമായി എന്തെങ്കിലും പ്രതിവിധി തേടിയാൽ മതി, മതവും വിശ്വാസവും ഗുണം ചെയ്യില്ല എന്ന് നാഴികക്ക് നാല്പതു വട്ടം പ്രേഷിത തീക്ഷ്ണയോടെ പ്രബോധിപ്പിക്കുന്നവർ, ഇനിയും തങ്ങളുടെ ഭൗതികമതത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞെങ്കിൽ! കൊറോണയെന്ന ജീവനല്ലാത്ത ഭൗതിക കണത്തിനെപ്പോലും നേരിടുവാൻ നമ്മുടെ ഭൗതികതയ്ക്ക് കഴിയുന്നില്ലല്ലോ എന്ന  ആത്മബോധം നമുക്ക് നന്ന്. വിശ്വാസി ഭൗതികതയെ നിരാകരിക്കുന്നില്ല; ഭൗതികതയെ അതിലംഘിക്കുന്ന ദൈവിക കരം ഈ ഭൂമിയിൽ, ഇന്നത്തെ കൊറോണാ കാലത്തും ദർശിക്കുന്നു എന്ന് മാത്രം. ദൈവവചനം പറയുന്നു:
"ശാരിരികമായ പരിശീലനംകൊണ്ടു കുറച്ചു പ്രയോജനമുണ്ട്‌, എന്നാല്‍ ആത്മീയത എല്ലാവിധത്തിലും വിലയുള്ളതാണ്‌. എന്തുകൊണ്ടെന്നാല്‍, അത്‌ ഈ ജീവിതത്തെയും വരാനിരിക്കുന്ന ജീവിതത്തെയും സംബന്ധിക്കുന്ന വാഗ്‌ദാനങ്ങള്‍ ഉള്‍കൊള്ളുന്നു."
1 തിമോത്തേയോസ്‌ 4 : 8

ചിലതൊക്കെ ചെയ്താൽ ഒരിക്കലും മരിക്കുകയില്ല എന്ന് എന്നേ പറഞ്ഞവനാണ് യേശുനാഥൻ!

"സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്‍െറ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല."
യോഹന്നാന്‍ 8 : 51

വചനം വായിച്ച് ധ്യാനിച്ച്
ഉപവസിച്ച് അടയിരുന്ന്
വചനത്തിൽ കുളിച്ച് ആവൃത രായിരിക്കാനുള്ള അവസരം
കൊറോണാ കാലം. അത് ഒരു നഷ്ടമല്ല.കാരണം,
"വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്‌."
1 തിമോത്തേയോസ്‌ 4 : 9

ദൈവം ഇന്നു നൽകുന്ന വസ്തുക്കളെയും സാഹചര്യങ്ങളെയും കൃതജ്ഞതയോടെ സ്വീകരിക്കാം.
"കാരണം, അവ ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധികരിക്കപ്പെടുന്നു."
1 തിമോത്തേയോസ്‌ 4 : 5
ഈ കൊറോണാ കാലം ദൈവ വചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടട്ടെ.

ദൈവവചനത്തിന് പരുവപ്പെടുത്തിയെടുക്കുവാൻ കഴിയാത്ത ഒന്നും നമ്മിലില്ല.

"ദൈവത്തിന്‍െറ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്‍െറ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌."
ഹെബ്രായര്‍ 4 : 12

ഏത് കൊറോണ കാലത്തെയും കർത്താവിന് സ്വീകാര്യമായ കാലമാക്കി മാറ്റുവാൻ ദൈവവചനത്തിനാകും.

"ഈ വചനം വിശ്വാസയോഗ്യമാണ്‌. നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോട്‌കൂടെ ജീവിക്കും."
2 തിമോത്തേയോസ്‌ 2 : 11

അതിനാൽ മരണ ഭയം വേണ്ട! നിതാന്ത ജാഗ്രതയോടെയുള്ള വചനോപാസന മതി.

ടോണി പിതാവ്

അവതീർണമാകുന്ന വചനം ... യോഹ. John 12. 44 - 50 

"...എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്‌.
എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു."
യോഹന്നാന്‍ 12 : 44-45

ഭൗതികതയ്ക്കുമപ്പുറത്തേക്ക് എത്തിനോക്കുവാനുള്ള ആഹ്വാനം! ഭൗതികതയും ദൈവികതയും സമജ്ജസമായി സമ്മേളിക്കുന്നയിടം യേശുക്രിസ്തുവാണ് എന്ന് അനുഭവിച്ചറിയാനുള്ള ക്ഷണം!

ഈ വചനത്തിന് വി. അഗസ്തീനോസ് നൽകുന്ന വ്യാഖ്യാനത്തിന് ഇന്നത്തെ സാധാരണ മനുഷ്യന്റെ ലോകത്തിലേക്ക് ഭാഷാന്തരം നടത്തുവാനുള്ള എളിയ ശ്രമമാണ് തുടർന്ന്:

"എന്നെയല്ല" എന്നതിലെ 'ഞാൻ' അവന്റെ കൂടെയുണ്ടായിരുന്നവരെ പോലെത്തന്നെ കാണപ്പെടുന്ന യേശുവാണ്; അവന്റെ മാനുഷികതയാണ്.

ഈ മാനുഷികതയുടെ പൂർണത അനുഭവിച്ചറിഞ്ഞവനായാലും/വളായാലും അത് ഭാഗികമായ അറിവാണ്. ആദിമ സഭയിലെ എബിയോണൈറ്റ് പാഷണ്ഡികൾ യേശുവിൽ മാനുഷിക പരിപൂർണതയുടെ ആൾരൂപം കണ്ടതുപോലെ, അല്ലെങ്കിൽ, ആര്യൻ പാഷണ്ഡികൾ സൃഷ്ടികളിൽ ആദ്യത്തേതും മനോഹരവുമായ സൃഷ്ടിയായി യേശുവിനെ കണ്ടതുപോലെ, അതുമല്ലെങ്കിൽ, ഇസ്ളാമിക വിശ്വാസം യേശുവിനെ ഏറ്റവും വലിയ പ്രവാചകനായി അവതരിപ്പിക്കുന്നതുപോലെ ... മാനുഷികതയിൽ / ഭൗതികതയിൽ എല്ലാം ദർശിക്കുന്നതു പോലെ, ഉള്ള ഒരു യേശു സങ്കല്പം.
ഇവയ്ക്കപ്പുറത്തേക്ക് പോകുക അവർക്ക് അസാധ്യം.

എന്നാൽ, അവനെ യഥാർത്ഥത്തിൽ കാണുന്നവർ പിതാവിനെ കാണുന്നു. അവന്റെ മാനുഷികതയുടെ പൂർണത മുട്ടിനിൽക്കുന്ന മട്ടുപ്പാവാണ് അവന്റെ ദൈവികത എന്ന് തിരിച്ചറിയുന്നു.

അവൻ പൂർണമനുഷ്യനാണ്; എന്നാൽ, ദൈവത്തിനുമാത്രം അവകാശപ്പെടാവുന്നതും ചെയ്യാവുന്നതുമായ കാര്യങ്ങളാണ് അവന്റെ ജീവിതത്തിൽ! സൂപ്പർമാനും പ്രവാചകനുമപ്പുറം ദൈവികത അസ്തിത്വമായി പ്രകാശിക്കുന്നവൻ !

അതുകൊണ്ടാണ് ഈ വാക്യത്തിൽ 'അടിമുടി' മനുഷ്യനും 'അടിമുടി' ദൈവവുമായി അവതീർണനായ ദൈവികവചനത്തെ വി.അഗസ്തീനോസ് ദർശിക്കുന്നത്.

ഭൗതികതയിൽ മാത്രം ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ ചിലർ ശ്രീയേശുവിനെ ഗുരുവായി മാത്രം ഏറ്റുപറയുന്നു - എതിർക്കുന്നില്ല, അഭിപ്രായസ്വാതന്ത്ര്യമുണ്ട്. എന്നാൽ, അവർ ക്രിസ്ത്യാനികളാണ്, കത്തോലിക്കാ സഭാംഗങ്ങളാണ് എന്ന് അവകാശപ്പെടുന്നതിനോടാണ് വിയോജിപ്പ്.

താനാരാണെന്ന് യേശുക്രിസ്തുതന്നെ വിശദീകരിച്ചിട്ട്, അത് ഒട്ടും ഗൗനിക്കാതെ, അവിടുത്തെ വേറൊരാളായി അവതരിപ്പിക്കുന്നതിന്റെ പുറകിലെ നിർബന്ധബുദ്ധിയാണ് മനസ്സിലാകാത്തത്.

കൊറോണാ പകർച്ചവ്യാധിയുടെയിടയിൽ മതത്തെ ആത്മീയതയിൽ നിന്ന് അടർത്തിമാറ്റി, മനുഷ്യ സൃഷ്ടിയായി അവതരിപ്പിക്കുന്നതിന് വെമ്പൽ കൊള്ളുന്നവരെ കാണാനായി. ശാസ്ത്രത്തിനെല്ലാം സാധ്യമാണ് എന്ന മിഥ്യാ ധാരണ പോലെ മതത്തിന്റെ ദൈവിക രൂപവും തകർന്നടിഞ്ഞു എന്ന് സ്ഥാപിക്കാനുള്ള നിർബന്ധബുദ്ധി പലരിലും കണ്ടു.

കേവലം കൊറോണാ വൈറസുള്ളതുകൊണ്ട് ദൈവവും ദൈവികതയും നഷ്ടപ്പെടുകയല്ല, അതിനുമപ്പുറത്തുള്ള മാനുഷികതയുടെ ഉദാത്ത ഭാവങ്ങളും അവിടെ സമ്മേളിക്കുന്ന ദൈവികതയുടെയും രക്ഷയുടെയും ഇടപെടലുകളാണ് നമുക്കായി ഒരുക്കിയിരിക്കുന്നത്; നാം കാത്തിരിക്കുന്നതും.

ഡോക്റ്ററുടെ രോഗനിർണയത്തിലും നഴ്സിന്റെ സാന്ത്വന പരിചരണത്തിലും സന്നദ്ധ പ്രവർത്തകരുടെ കരുതലിലും മാത്രമല്ല, ഈ പോരാട്ടത്തിൽ ശാസ്ത്രജ്ഞന്മാരുടെ അന്വേഷണങ്ങളിലും ഗവർമണ്ടിന്റെ കർമ്മപദ്ധതികളിലും വരെ രക്ഷയുടെ ഇടപെടലുകൾ ദർശിക്കുവാൻ സഭാവിശ്വാസികൾക്ക് കഴിയും.

ഇത് ഇന്നോ ഇന്നലെയുമായി തുടങ്ങിയ സഭയുടെ മുട്ടുന്യായമല്ല; ദേവാലയങ്ങളോടും ആരാധനയോടുമൊപ്പം, കാലങ്ങളായി സഭ നേതൃത്വം നൽകുന്ന സ്കൂളുകളും ആശുപത്രികളും വിളിച്ചോതുന്ന യാഥാർത്ഥ്യമാണത്.

"എന്‍െറ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത്‌ ലോകത്തെ വിധിക്കാനല്ല, രക്‌ഷിക്കാനാണ്‌."
യോഹന്നാന്‍ 12 : 47

ക്രിസ്തുവിന്റെ തുടർച്ചയായ സഭയ്ക്കും ഇതു മാത്രമേ പറയാനുള്ളൂ.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ. ഇല്ലാത്ത നിർവചനങ്ങൾ നൽകി സഭയെ വിധിച്ചു കൊള്ളട്ടെ. സഭ ആരെയും വിധിക്കാനില്ല. സഭ ഈ ലോകത്തിലായിരിക്കുന്നത് വിധിക്കാനല്ല, രക്ഷിക്കാനാണ്.

രക്ഷയുടെ പ്രവൃത്തികൾ സഭ തുടരുക തന്നെ ചെയ്യും.

ടോണി പിതാവ്


തച്ചന്റെ മകനായിരുന്നിട്ടും യേശു തന്നെത്തന്നെ അവതരിപ്പിക്കുന്നത് ഇടയനായിട്ടാണ്. എന്തുകൊണ്ടായിരിക്കാം?
ഇസ്രായേലിൽ പല വിധത്തിലുള്ള നേതാക്കന്മാരുണ്ടായിരുന്നെങ്കിലും (ഉദാ. മൂപ്പന്മാർ (elders), പ്രവാചകന്മാർ, ന്യായാധിപന്മാർ, രാജാക്കന്മാർ) കർത്താവാണ് അവരുടെ ഉടയവനും നേതാവും സംരക്ഷകനും എല്ലാതും. ഈ എല്ലാമെല്ലാമായവനെ വിളിച്ചിരുന്നത് ഇടയനെന്നാണ്.

യഹോവയെ ഇസ്രായേലിന്റെ നല്ല ഇടയനായി അവതരിപ്പിക്കുന്ന മനോഹരമായ വചനഭാഗമാണ് എസക്കിയേൽ 34 - >o അദ്ധ്യായം.

കർത്താവാണ് എന്റെ ഇടയൻ എന്ന് തുടങ്ങുന്ന 23-ാം സങ്കീർത്തനം നമുക്കെല്ലാം സുപരിചിതമാണ്.

ആധുനിക ഫാമിംഗ് മാനുവലുകൾ താരതമ്യേന കുറഞ്ഞ പരിപാലന ആവശ്യമുള്ള വളർത്തുമൃഗങ്ങളായാണ് ആടുകളെ കാണുന്നത്. എന്നാൽ, ഇസ്രായേൽ പോലുള്ള മരുഭൂമി പ്രദേശങ്ങളിൽ ആടുവളർത്തൽ വളരെ ദുഷ്കരമായിരുന്നു. ചുട്ടുപൊള്ളുന്ന ചൂടിൽ, പച്ചപ്പുതേടി, ജലം തേടി, സുരക്ഷിതത്വം തേടിയുള്ള യാത്ര. ഇടയനെപ്പോഴും ആടുകളെക്കുറിച്ചോർത്ത് ആടുകളോടു കൂടെ ആയിരിക്കണം.

ഇസ്രായേലിനെ കുറിച്ചുള്ള കരുതലിൽ കർത്താവ് എപ്പോഴും അവരുടെ കൂടെയുണ്ടായിരുന്നു. പ്രതികൂല സാഹചര്യങ്ങളിലും കർത്താവിന്റെ സാന്നിധ്യം ഭക്തന് വലിയ സുരക്ഷിതത്വമായിരുന്നു. "പച്ചയായ പുൽത്തകിടിയിൽ അവിടുന്ന് എനിക്ക് വിശ്രമം നൽകുന്നു. പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്നെന്നെ നയിക്കുന്നു." (സങ്കീ. 23, 2)

ഈ കൊറോണാക്കാലത്ത് കർത്താവിന്റെ സംരക്ഷണത്തിൽ നമുക്ക് ആശ്രയിക്കാം. വീടിനു പുറത്ത് കാലാവസ്ഥ നമുക്കെതിരാണ്. മുന്നോട്ട് നോക്കുമ്പോൾ മരുഭൂമിയുടെ അരക്ഷിതത്വമാണ്. മാർച്ച് 27 ന് വത്തിക്കാനിലെ ഊർബി എത് ഉർബി ആരാധനയിൽ പ. പിതാവ് നമ്മുടെ സങ്കടങ്ങളേറ്റെടുത്ത് പറഞ്ഞതുപോലെ, നമ്മുടെ സ്വപ്നങ്ങളും പദ്ധതികളും തകർന്നടിഞ്ഞ്, പ്രതീക്ഷ നഷ്ടപ്പെട്ടവരെപ്പോലെ, കൊടുങ്കാറ്റിൽ പെട്ട്, തിരമാലകൾ വള്ളത്തിലേക്ക് ആഞ്ഞടിക്കുന്ന അവസരത്തിൽ നാമും ചോദിച്ചേക്കാം, 'ഞങ്ങൾ നശിക്കുന്നത് നീ കാണുന്നില്ലേ' എന്ന്. നമുക്ക് നല്ല ഇടയനായ കിസ്തുവിൽ ആശ്രയിക്കാം.

"മരണത്തിന്റെ താഴ് വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല" (സങ്കീ.23, 4).

ഈ വാക്യം ഏറ്റവും അടുത്ത് അനുഭവിക്കുന്ന സമയം! മരണം മണക്കുന്ന ഭൂമിയിലാണ് നാം. ചൈനയിലും ഇറ്റലിയിലും ഇറാനിലും സ്പെയിനിലും അമേരിക്കയിലും തുടങ്ങി ലോകം മുഴുവനും മരണത്തിന്റെ മണം. മരണഭയം ഏതെങ്കിലും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു സമയത്ത്, ഏതങ്കിലും ഒരു പ്രതിസന്ധിയിൽ ഉണ്ടായി കടന്നുപോകുന്നതല്ല; മനുഷ്യ കുലം മുഴുവൻ മരണഭീതിയിലാണ്.

നാം ഭയപ്പെടേണ്ട! യോഹ. 10, 11 ഓർമ്മപ്പെടുത്തുന്നു: ആടുകൾക്കു വേണ്ടി ജീവനർപ്പിക്കാൻ ഒരു ഇടയൻ നമുക്കുണ്ടെന്ന്. വെറും വാക്കല്ല; ജീവനർപ്പിച്ച് അവൻ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതാണല്ലോ ഈ നോമ്പുകാലത്ത് നാം ധ്യാനിക്കുന്നത്.

ചെന്നായ് വരുന്നത് കാണുമ്പോൾ കൂലിക്കാരൻ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. നാമും അങ്ങിനെയാണ്. അപകടം വരുമ്പോൾ കൈയിലുള്ളത് ഉപേക്ഷിച്ച് നാം ഓടിരക്ഷപ്പെടും. കാരണം, ഉപേക്ഷിച്ചതൊന്നും എന്റെ ജീവനോളം വരില്ലല്ലോ.

എങ്കിൽ പിന്നെ, എന്തുകൊണ്ടാണ് യേശു നമുക്കു വേണ്ടി ജീവനർപ്പിക്കാൻ തയ്യാറാകുന്നതു? യേശുവിന്റെ പീഡാനുഭവ മരണ ഉത്ഥാനങ്ങൾ ഓർമ്മിപ്പിക്കുന്നത്, ഞാനും നിങ്ങളും അവന് ജീവനേക്കാൾ വിലയുള്ളവരാണ് എന്നല്ലേ?

കർത്താവിന്റെ ഇടയ ധർമ്മത്തിൽ അവിടുത്തെ പുരോഹിത ശുശ്രൂഷകർ മാത്രമല്ല, മാമ്മോദീസാ സ്വീകരിച്ച എല്ലാവരും പങ്കുപറ്റുന്നു. നമുക്ക് അവിടുന്ന് ഏല്പിച്ചു തന്നവരെ ജീവനേക്കാൾ സ്നേഹിക്കാം; വേണ്ടി വന്നാൽ അവർക്കുവേണ്ടി മരിക്കാം.

കുടുംബത്തിൽ എങ്ങിനെയാണ് ഞാൻ ഇടയധർമ്മം നിർവഹിക്കുന്നത് ? ജീവൻ കൊടുത്തും? അതോ, പലതു തേടിയുള്ള യാത്രയിൽ സൗകര്യപ്പെടുമ്പോൾ? കാമുകനു വേണ്ടി കുഞ്ഞിനെ അവസാനിപ്പിക്കാൻ മടിയില്ലാത്തവരുടെ കാലം! ഇതല്ലേ, യഥാർത്ഥത്തിൽ മരണത്തിന്റെ താഴ് വര?

കൊറോണിക്കാലത്ത് ജീവൻ തൃണവത്കരിച്ചു കൊണ്ട് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ .... അവന്റെ ഇടയ ധർമ്മത്തിൽ പങ്കുപറ്റുന്നു. ജീവനേക്കാൾ ഇല്ലാത്ത വന് ഭക്ഷണമെത്തിക്കുന്നവരും ഇടയർതന്നെ. ക്രിസ്തുവിന്റെ ഇടയ ധർമ്മത്തിൽ പങ്കുപറ്റുന്നവർ!

ടോണി പിതാവ്

അവതീർണമാകുന്ന വചനം.... 
നിന്റെ സഹോദരൻ തെറ്റു ചെയ്താൽ....
മത്താ. 18, 15-20.

"നിന്‍െറ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന്‌ ആ തെറ്റ്‌ അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക."
മത്തായി 18 : 15

വി. ക്രിസോസ്റ്റോം ഈ വചനഭാഗത്തിനു നൽകുന്ന വ്യാഖ്യാനത്തെ അധികരിച്ച് നമുക്ക് അല്പം വിചിന്തനം ആകാം.

1. തെറ്റുചെയ്താൽ?

" അവനെ കുറ്റപ്പെടുത്തണം" എന്നോ "ശിക്ഷിക്കണം" എന്നോ " കോടതിയിൽ ഹാജരാക്കണം" എന്നോ അല്ല, "
തെറ്റ് അവന് ബോധ്യപ്പെടുത്തിക്കൊടുക്കുക" എന്നാണ് ഈശോ പഠിപ്പിച്ചത്.

2.) "ബോധ്യപ്പെടുത്തിക്കൊടുക്കുക" എന്നത് എന്തുകൊണ്ടാണ് ആവശ്യമായി വരുന്നത്?

അവൻ തെറ്റ് ചെയ്യുന്നത് ബോധക്കേട് (stupor) കൊണ്ടാകാം; കോപവും അവമാനവും തലക്ക് പിടിച്ചതു കൊണ്ടാകാം.
ആരോഗ്യമുള്ളവരാണ് ഇത്തരം രോഗവസ്ഥകളിലുള്ളവരുടെയടുക്കൽ ചെന്ന് അവരുടെ രോഗം - അവിവേകം / എടുത്തു ചാട്ടം / വകതിരിവില്ലായ്മ - അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടത്.

3.) എന്തിനാണ് അവരുടെയടുക്കൽ പോയി അവരുടെ തെറ്റ് ബോധ്യപ്പെടുത്തിക്കൊടുക്കുന്നത് ?

തിരുത്തിയില്ലെങ്കിൽ അവർ തങ്ങളുടെ ചെയ്തികളെ ഉദാസീനതയോടെ, അഥവാ, ലാഘവ ബുദ്ധിയോടെ കാണാനിടയുണ്ട്.
അവരെന്തു ചെയ്താലും അതിനെ എല്ലാവരും സരസമായി എടുത്തോളണം എന്ന് നിർബന്ധം പിടിക്കാനിടയുണ്ട്.
മാത്രമല്ല, അവർ തികഞ്ഞ അഹങ്കാരികളായിത്തീരാനും ഇടയുണ്ട്.

4.) നമ്മുടെ തിരുത്തലുകൾ അവർക്ക് സ്വീകാര്യമായ വിധത്തിൽ ആകന്നതിന് നാം എന്തു ചെയ്യണം?

ഞാനും അവനും / അവളും മാത്രമായിരിക്കുമ്പോൾ അവനെ/അവളെ തിരുത്തുക.
മറ്റുള്ളവരുടെ മുമ്പിൽ തിരുത്തപ്പെടുമ്പോൾ, തങ്ങളുടെ തെറ്റുകളെക്കുറിച്ച് കടുംപിടുത്തം പുലർത്തുവാൻ അവരുടെ അഹന്ത അവരെ പ്രേരിപ്പിക്കാനിടയുണ്ട്. അത് അവരെ ഒരിക്കലും തിരുത്താൻ പറ്റാത്ത അവസ്ഥയിൽ കൊണ്ടെത്തിക്കാനിടയുണ്ട്.

5.) ഇങ്ങനെ തിരുത്തുന്നതു കൊണ്ട് നീ എന്ത് നേടി?

"അവനോ(ളോ)ടുള്ള എന്റെ പ്രതികാരം ഞാൻ നേടി" എന്നല്ല യേശു പറഞ്ഞത്, "അവനെ(ളെ) നേടി" എന്നാണ്.
തെറ്റ് ചെയ്തത് സഹോദരനോ സഹോദരിയോ ആണെങ്കിലും നഷ്ടം പൊതുവാണ് - തെറ്റുകാരനും /കാരിയ്ക്കും തെറ്റിന് ബലിയാടായ വ്യക്തിയ്ക്കും ഒരുപോലെ നഷ്ടം സംഭവിക്കുന്നുണ്ട്.
ബലിയാടിന് തെറ്റ് ചെയ്തവൻ(ൾ) നഷ്ടപ്പെടുന്നുണ്ട്.

ചുരുക്കത്തിൽ,

അവന്റെ/അവളുടെ തെറ്റിനോടുള്ള നിന്റെ ക്രോധവും രോഷവും ശമിപ്പിക്കാനല്ല, നീ ആ വ്യക്തിയെ സമീപിക്കുന്നത്.
അവന്റെ / അവളുടെ തെറ്റ് ബോധ്യപ്പെടുത്തുവാൻ ആയാൽ നീ ആ വ്യക്തിയെ നേടുകയാണ് -
ആ വ്യക്തിക്കു തന്നെ നേടിക്കൊടുക്കുന്നു;
നിനക്ക് നീ നേടുന്നു;
സമൂഹത്തിന് നീ നേടിക്കൊടുക്കുന്നു.

ടോണി പിതാവ്


അവതീർണമാകുന്ന വചനം....
മാനസാന്തരത്തിന്റെ ഫലങ്ങൾ
ലൂക്കാ 3,8

അലക്സാണ്ട്രിയായിലെ വി. സിറിലിന്റെ വ്യാഖ്യാനങ്ങളെ അധികരിച്ച് നമുക്ക് വിചിന്തനം ചെയ്യാം.

1.) ""മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍." (ലൂക്കാ 3,8a)
എന്തൊക്കെയാണ് മാനസാന്തരത്തിന്റെ ഫലങ്ങൾ?

'ഏറ്റവും ഉന്നതമായ തലത്തിൽ അത് ക്രിസ്തുവിലുള്ള വിശ്വാസമാണ്.
തുടർന്ന്, അത് സുവിശേഷാത്മകമായ ജീവിതമാണ്.
പൊതുവായ അർത്ഥത്തിൽ, അത് പാപത്തിന്റെ പ്രവൃത്തികൾക്ക് വിരുദ്ധമായുള്ള നീതിയുടെ പ്രവൃത്തികളാണ്'.

ക്രിസ്തുവിലുള്ള വിശ്വാസം നമുക്ക് ജീവശ്വാസം പോലെയാണ്. കാരണം, ജീവൻ നൽകിയാണ് അവൻ നമ്മെ വീണ്ടെടുത്തത്. ഈ നോമ്പുകാലത്ത് നമുക്ക് അവനെ ജീവനേക്കാൾ സ്നേഹിക്കാം, വിശ്വസിച്ചേറ്റുപറയാം; അവനിൽ ആശ്രയിക്കാം.

സുവിശേഷാത്മക ജീവിതം യേശുവിനോടുള്ള നമ്മുടെ സ്നേഹത്തിന്റെ ജീവിത സാക്ഷ്യം മാത്രം. "ഈ ലോകത്തിൽ നീ എന്ത് ആവശ്യപ്പെട്ടാലും ഞാൻ അത് ചെയ്തുതരും."
കാമുകി കാമുകന്മാർ ചോദിക്കുന്നതുപോലെയല്ല; അവന്റെ സുവിശേഷമാണ് പ്രേമലേഖനമായി അവൻ എനിക്ക് തന്നിരിക്കുന്നത്.

സ്നേഹം ഫലം ചൂടുന്നത് നീതിയുടെ പ്രവൃത്തികളിൽ. പണ്ട് തിന്മകൾ നിരൂപിച്ചത് പാപപ്രവൃത്തികളായി എന്നിൽ രൂപപ്പെട്ട് ബഹിർ ഗമിച്ചപ്പോൾ എന്തുമാത്രം അനീതിയാണ് മറ്റുള്ളവരോട് ഞാൻ പ്രവർത്തിച്ചത്?
ഇന്ന് സുവിശേഷം എന്തുമാത്രം നന്മ പ്രവൃത്തികളാണ് എന്നിൽ നിന്ന് ആവശ്യപ്പെടുന്നത്?

2.)  "ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട്‌ എന്നു പറഞ്ഞു നിങ്ങള്‍ അഭിമാനിക്കേണ്ടാ. കാരണം, ഈ കല്ലുകളില്‍നിന്ന്‌ അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു."
ലൂക്കാ 3 : 8b

'കുടുംബ മഹിമയിൽ അഹങ്കരിക്കുന്നത് മാനസാന്തരത്തിന് തടസ്സം സൃഷ്ടിച്ചേക്കാം എന്ന് യേശു പഠിപ്പിക്കുന്നു.
അബ്രാഹത്തിൽ നിന്ന് ജനിച്ചവരാണ് എന്ന അഹന്ത യേശു അവരിൽനിന്ന്  എടുത്തു മാറ്റുന്നു.
അബ്രാഹത്തിന്റെ മക്കളെന്ന് അവകാശപ്പെടുകയും എന്നാൽ പൂർവികരുടെ പുണ്യങ്ങളോ ആത്മാർത്ഥമായ പ്രവൃത്തികളോ സ്വജീവിതത്തിൽ ഇല്ലെങ്കിൽ ഉന്നതകുലത്തിൽ പിറന്നു എന്നതുകൊണ്ട് എന്ത് ഗുണം?
മാതാപിതാക്കളുടെ പുണ്യത്തിൽ വളരുന്നില്ലെങ്കിൽ  വിശുദ്ധരായ നല്ല മാതാപിതാക്കളിൽ നിന്നും ജനിച്ചു എന്നു പറയുന്നത് വെറും പൊങ്ങച്ചം മാത്രമാണ്'.

കുടുംബമഹിമയിൽ ഊറ്റം കൊള്ളുന്ന ഒരു ജനതയായി നാം മാറി. 'തോമ്മാശ്ലീഹായിൽ നിന്ന് നേരിട്ട് മാമ്മോദീസാ വെള്ളം വീണുകിട്ടിയവർ'; പക്ഷേ, അവരുടെ സംസാരവും ജീവിതവും അവന്റെ ജീവിതദർശനങ്ങളുമായി പുലബന്ധം പോലുമില്ല! സഭയെക്കുറിച്ചുള്ള തീക്ഷ്ണതയിൽ ചിലർ ഭാഗം തിരിഞ്ഞ് ആക്രമിക്കുന്നതു കണ്ടാൽ, അവർ ഉപയോഗിക്കുന്ന തറ ഭാഷ കേട്ടാൽ, ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ബഹുകാതം ദൂരെയാണവർ എന്ന് തിരിച്ചറിയുവാൻ ബുദ്ധിമുട്ടില്ല. നന്മയുടെയും നീതിയുടെയും പ്രവൃത്തികൾ അവരിൽ നിന്ന് പ്രതീക്ഷിക്കാനാകുമോ?

ഭവനങ്ങളുടെ അവസ്ഥയും തഥൈവ. തറവാട്ടുമഹിമയിൽ ഊറ്റം കൊള്ളുന്ന പലരും തങ്ങളുടെ വ്യക്തി ജീവിതത്തിൽ കാണിക്കുന്ന കൊള്ളരുതായ്മകൾ നിമിത്തം സ്വയമായും കുടുംബാംഗങ്ങളെ മുഴുവനായും ക്രിസ്തുവിന്റെ സഭയെത്തന്നെയും അപഹാസ്യരാക്കുന്നു.

കുടുംബത്തിന്റെ പേരിൽ സഹോദരന്റെ ഏത് കൊള്ളരുതായ്മയും കണ്ടില്ലെന്ന് നടിക്കുകയോ വളം വച്ചു കൊടുക്കുകയോ ചെയ്യുന്നവരിൽ എങ്ങിനെ മാനസാന്തരത്തിന്റെ ഫലങ്ങൾ ഉണ്ടാകും?

ആത്യന്തികമായി ക്രിസ്തു നമ്മിൽ പ്രകാശിക്കട്ടെ. നമ്മുടെ മാനസാന്തരത്തിന്റെ പ്രവൃത്തികൾ കണ്ട് മറ്റുള്ളവർ ക്രിസ്തുവിശ്വാസത്തിലേക്കും സുവിശേഷാനുസൃതമായ ജീവിതത്തിലേക്കും ആകർഷിക്കപ്പെടട്ടെ.

ടോണി പിതാവ്

Reflections on this Period of Corona Quarantine

27 -March-2020
ഈ കൊറോണാ കാലത്ത് Quarantine ചിന്തകൾ


1. ഈ കൊറോണാ കാലത്ത് ....1


" ഇത് എന്റെ ഓർമ്മക്കായി ചെയ്യുവിൻ" (1 കൊറി. 11, 24) എന്ന് പറഞ്ഞവൻ തന്നെ നമ്മോട് പറഞ്ഞിട്ടുണ്ട്: "എന്നാൽ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക. (മത്താ. 6, 6)"
ഇതാ, മുറിയിൽ കടന്ന്, കതകടച്ച്, നീയും പിതാവായ ദൈവവും മാത്രമായി സംവദിക്കാനുള്ള അവസരം - കൊറോണാ കാലം.

"മനുഷ്യരാശിയുടെ എല്ലാ പ്രശ്നങ്ങളും ഉത്ഭവിക്കുന്നത് ഒരു മുറിയിൽ നിശ്ശബ്ദമായി ഇരിക്കുവാനുള്ള കഴിവില്ലായ്മയിൽ നിന്നാണ് ". (Blaise Pascal, Pensées).

ഒന്നിനും സമയം തികയാതെ നാം പരക്കം പാഞ്ഞിരുന്നപ്പോഴും പലതിനും പരിഹാരമായില്ല.  കുമിഞ്ഞുകൂടിയ അനാവശ്യങ്ങളും, ആർഭാടങ്ങളുടെ സ്വർണ കാളക്കുട്ടി (പുറ. 32) തുറന്നു വിട്ട കോലാഹലങ്ങളും, സ്വാർത്ഥതയുടെ വിവിധ ഭാവങ്ങൾ തിന്മയുടെ അഴുക്ക്കൂമ്പാരം തീർത്തതും മിച്ചം!

അഴുക്ക് കുമിഞ്ഞുകൂടുന്നിടത്ത് പകർച്ചവ്യാധികളുണ്ടാകും. കൊറോണാ കാലത്ത് മനുഷ്യൻ ക്വാരരൈന്റനിൽ പോയപ്പോൾ, പ്രകൃതി സ്വയം കഴുകി ശുദ്ധി വരുത്തിക്കൊണ്ടിരിക്കുന്നത്രേ. നദീജലം കണ്ണുനീർ തുള്ളികളാകുന്നു! മത്സ്യമൃഗാദികളും പറവകളും പ്രകൃതിയെ പറുദീസയാക്കുന്നു!

നമ്മിലെ ആന്തരികതയും ഉണർന്ന് യുവത്വം വീണ്ടെടുക്കേണ്ടേ? മുറിയിൽ പ്രവേശിക്കാം; നിശ്ശബ്ദതയെ പുണരാം. പിതാവിന്റെ സ്നേഹത്തിൽ നവീകരിക്കപ്പെടാം.

ടോണി പിതാവ് 22 മാർച്ച് 2020

2. ഈ കൊറോണാ കാലത്ത്.... 2

എന്റെ മുറിയുടെ നാല് ഭിത്തികൾക്കകത്ത്, കതകടച്ച് കഴിഞ്ഞു കൂടുമ്പോൾ ഞാൻ തിരിച്ചറിയുന്നതെന്താണ്? പള്ളിയിൽ പോകാൻ പറ്റാത്ത വേദനയുണ്ടെന്നത് ശരി. ജോലിയില്ലെങ്കിൽ അടുപ്പിൽ തീ കത്തുകയില്ല എന്നതും ന്യായമായ ദുഃഖം. അതിനാൽ, എത്രയും വേഗം ഈ അവസ്ഥയിൽ നിന്നും മോചനം കിട്ടണം. അതിനായി ഉള്ളുരുകി   സകലത്തിന്റെയും ഉടയവനോട്, നമ്മുടെ കർത്താവിനോട് നമുക്ക് പ്രാർത്ഥിക്കാം.

എന്നാൽ, ഓർമ്മയിലുള്ളത് ഒന്ന് ഒത്തുനോക്കാം. എല്ലാ സ്വാതന്ത്രൃത്തിലും ഞാൻ ഓടിയിരുന്ന ഓട്ടങ്ങളെല്ലാം ആവശ്യമുള്ളവയ്ക്കായിരുന്നുവോ? ഇന്ന് ഞാൻ കുടുംബത്തോടൊപ്പം ചിലവഴിച്ചപ്പോൾ കിട്ടിയ ആനന്ദത്തിന് പകരം വയ്ക്കാവുന്നവയായിരുന്നുവോ? എല്ലാം മക്കൾക്കു വേണ്ടി എന്നു പറഞ്ഞ് അദ്ധ്വാനിക്കുമ്പോഴും അവർക്കു വേണ്ടി സമ്പാദിച്ചതിനപ്പുറം അവരുമായി ഇന്ന് പങ്കുവച്ചതു പോലുള്ള മധുരസ്മരണകളെന്തുണ്ട് സമ്പാദ്യമായി?

ഞാൻ എന്താണ്  (being) എന്നതിനേക്കാൾ എനിക്ക് എന്തുണ്ട് (having) എന്നതിനല്ലേ ഇത്രയും നാൾ ഞാൻ പ്രാധാന്യം കൊടുത്തത്? സ്വരുക്കൂട്ടുന്നതിൽ ഞാൻ അഭിരമിച്ചു. കൂടുതലുള്ളവന് കൂടുതൽ ബഹുമാനം. ഇല്ലാത്തവനെ കണ്ടതായി നടിച്ചില്ല.

പോയ വർഷങ്ങളിലെ പ്രളയം പഠിപ്പിച്ചതാണ് സ്വരുക്കൂട്ടിയതുകൊണ്ട് വലുതാകുന്നില്ലെന്ന്. എന്നിട്ടും നാം ചിലരെ വരുത്തരും താഴ്ന്ന പൗരരോ പൗരത്വമില്ലാത്തവരോ ആക്കാൻ കെണിയൊരുക്കി. വീണ്ടും ഇതാ ഒരു
കൊറോണാക്കാലം നമ്മെ എല്ലാവരെയും തുല്യരാക്കിയിരിക്കുന്നു. എല്ലാവർക്കും ഇത്തിരിപ്പോന്ന ലോകമേ ആവശ്യമുള്ളൂ എന്ന് പഠിപ്പിച്ചിരിക്കുന്നു.

വിട്ടുകൊടുക്കുവാൻ പരിശീലിക്കണമെന്ന് കത്തോലിക്കാ അസ്തിത്വചിന്തകനായ  ഗബ്രിയേൽ മാർസൽ :

"സമൂഹത്തിൽ ആയിരിക്കുന്നതും സമ്പാദിക്കുന്നതും എല്ലാം കൈവശപ്പെടുത്തുന്നതിന് നമ്മെ പഠിപ്പിച്ചു. എന്നാൽ, പഠിക്കേണ്ടിയിരുന്നത് വിട്ടു കൊടുക്കുന്നതിന്റെ കലയായിരുന്നു. കാരണം, വിട്ടു കൊടുക്കൽ അഭ്യസിക്കാതെ  സ്വാതന്ത്ര്യമോ യഥാർത്ഥ ജീവിതമോ ഇല്ല.''

ഇതുവരെ ജീവിച്ചത് എന്റെ ലോകം കെട്ടിപ്പടുക്കാൻ. കഞ്ഞുണ്ണി മാഷ് പാടിയത് എത്രയോ ശരി!

" എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം"

അതുകൊണ്ട് കായേനെപ്പോലെ ഞാനും ചോദിച്ചു: "ഞാനാണോ എന്റെ സഹോദരന്റെ കാവൽക്കാരൻ?" (ഉത്പത്തി 4, 9).

"സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ..." എന്ന് മനമുരുകി പ്രാർത്ഥിക്കാം. 'ഞങ്ങൾ' - ഭൂലോകത്തുള്ള എല്ലാവരും - ഏകപിതാവിന്റെ മക്കൾ, ഏകോദര സഹോദരർ! സഹോദരാ, നീയും ഞാനുമുള്ളതു കൊണ്ടാണ് സഹോദര്യം ഞാനറിയുന്നത്. അതിനാൽ, ഈ കൊറോണാ കാലത്ത് ഞാൻ സാമൂഹിക അകലം പാലിക്കുന്നത് എനിക്കു വേണ്ടി മാത്രമല്ല, നിന്നെ രക്ഷിക്കാൻ വേണ്ടി കൂടിയാണ്. 

അതേ, ഇനി 'എനിക്കില്ലൊരു ലോകം; നിനക്കില്ലൊരു ലോകം; നമുക്കുണ്ടൊരു ലോകം'
 ആ ലോകം നേടാൻ ഒരു കൊറോണാക്കാലം!

ടോണി പിതാവ്  23 മാർച്ച് 2020

3. ഈ കൊറോണാ കാലത്ത് .... 3: അജപാലനം

🤷ഒറ്റക്ക് കുർബാന ചൊല്ലി ദിവസം തള്ളിനീക്കുന്നതിൽ  അജപാലന ദൗത്യം തീർന്നോ അച്ചോ?

 🗣️ഇല്ല; കുർബാനയിൽ എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നുണ്ട്.

🤷എല്ലാവരെയും?

🗣️ നേരത്തെ ഏല്പിച്ചിട്ടുള്ള കുർബാന നിയോഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. പിന്നെ, ഇടവകക്കാർക്ക് എല്ലാവർക്കും വേണ്ടിയും.

🤷 നന്ദി അച്ചോ. അപ്പോൾ, കൊറോണാ വിഷയം പ്രാർത്ഥനയിലില്ലേ?

🗣️ ഉണ്ടല്ലോ. അവനില്ലേ, ആ വൈറസ്? അതല്ലേ എല്ലാ ഗുലുമാലിനും കാരണം?

🤷 അച്ചൻ കോവിഡിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണോ?

🗣️ അല്ലാ, അവനെ തുരത്താനുള്ള നല്ല ബുദ്ധി ശാസ്ത്രജ്ഞന്മാർക്ക് കാണിച്ചു കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുകയാ.

🤷 അപ്പോൾ വൈറസ് ബാധിച്ചവരുടെ കാര്യമോ?

🗣️ തീർച്ചയായും. പിന്നെ, നിരീഷണത്തിലുള്ളവർ, ശുശ്രൂഷിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.

🤷 അച്ചന്റെ ഇടവകയിൽ എത്ര കൊറോണാ രോഗികളുണ്ട് ? നിരീക്ഷണത്തിലാരെങ്കിലും?

🗣️ രോഗികളുള്ളതായി കേട്ടില്ല. നിരീക്ഷണത്തിൽ ആരെങ്കിലും ഒക്കെ കാണുമായിരിക്കും.

🤷 ഒന്നും കൃത്യമായി അറിയില്ല, അല്ലേ? അറിയാനുള്ള വഴികളില്ലേ?

🗣️ ഞാൻ അതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. വഴികളൊക്കെയുണ്ട്. ഇടവക പള്ളിക്ക് ഫേസ് ബുക്ക് ഉണ്ട്. വാട്സപ്പ് ഗ്രൂപ്പുകളാണെങ്കിൽ അനേകം. യൂണിറ്റുകൾക്കു വരെയുണ്ട്. ഒന്ന് അന്വേഷിച്ചുനോക്കാം.

🤷 രോഗികളുണ്ടെന്നറിഞ്ഞാൽ, അവരെ മനസ്സിൽ കണ്ട് പ്രാർത്ഥിക്കാനാകും. നിരീക്ഷണത്തിലുള്ളവർ എന്ത് ആധിയിലായിരിക്കും, അല്ലേ അച്ചോ!

🗣️ ശരിയാ. നിയോഗം വച്ച് പ്രാർത്ഥിക്കുവാൻ സാധിക്കും.

🗣️അല്ലേലും നേരെ ഓഫീസിൽ വന്ന് പറഞ്ഞാലേ പ്രാർത്ഥിക്കൂ എന്ന് ഇനി വാശി പിടിക്കാനാകില്ലല്ലോ. കണ്ടും എഴുതി ഒപ്പിട്ടും മാത്രം വിശ്വസിച്ച് കാര്യം നടത്തിക്കൊടുക്കുന്ന ആ തോമ്മാശ്ലീഹാ സ്റ്റൈൽ മാറ്റണമെന്ന് പലരും ഒതുക്കത്തിൽ പറയുന്നത് ഞാൻ ഒളിഞ്ഞു കേട്ടിട്ടുണ്ട്.

🤷 ഒളിഞ്ഞു കേൾക്കുന്നത് ശരിയാണോ അച്ചോ? നേരെ പറയാമെന്നുവച്ചാൽ അച്ചൻ പേടിപ്പിച്ചു വിറപ്പിച്ചു നിറുത്തിയിരിക്കുകയല്ലേ ?

🗣️ ഇപ്പോൾ സമയം കുറെയുണ്ടല്ലോ. എന്റെ ശൈലി മാറുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു കൊണ്ടിക്കുകയാണ്. വാസ്തവത്തിൽ, എന്റെ ജനത്തെ കാണാൻ പറ്റാത്തതിന്റെ വേദനയിലാണ് ശൈലി മാറണമെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അവരില്ലെങ്കിൽ എന്തു ഞാൻ!

🤷 ശരിയാണച്ചോ. ഇപ്പോഴെങ്കിലും ബോധമുദിച്ചല്ലോ! ഈ കൊറോണാ കാലത്ത് അച്ചനും ദൈവജനവും ചേർന്നുള്ള ഇഴയടുപ്പം ഊഷ്മളമാക്കാൻ എന്തു ചെയ്യാം?

🗣️ ഫോൺ നമ്പറുകളിവിടെയുണ്ട്. ഓരോ കുടുംബത്തെയും ഒന്നു വിളിച്ചാലോ? മൊബൈൽ കണക്ഷൻ അൺ ലിമിറ്റഡ് കാളുകളുള്ളതാ.

🤷 നല്ല കാര്യം. അപ്പോൾ അച്ചന്റെ അനുദിന ബലിയർപ്പണം ഒറ്റക്കാകില്ല. ഫോണിന്റെ അങ്ങേ തലക്കുനിന്ന് എന്തെല്ലാം കാര്യങ്ങൾക്കു വേണ്ടിയാണ് അവർ പ്രാർത്ഥിക്കുവാൻ പറയുക?

🗣️മിക്കതും എഴുതിയെടുക്കേണ്ടിവരും. ആ കടലാസും അൾത്താരയിലിരിക്കട്ടെ അല്ലേ?

🤷 ചില കാര്യങ്ങൾ പ്രാർത്ഥിച്ചതുകൊണ്ടു മാത്രം പോരാ, അച്ചോ. തമ്പുരാൻ ചിലതൊക്കെ ചെയ്യാനും പറഞ്ഞേക്കാം.

🗣️ അതെന്താ?

🤷 ആ തറയിൽ പിതാവ് പറഞ്ഞില്ലേ, അടുപ്പിൽ തീകത്താത്ത ഒരു വീടു പോലും ഇടവകയിൽ ഉണ്ടാകാതെ നോക്കണമെന്ന്?

🗣️ ശരിയാണല്ലോ. അതും എന്റെ ഇടയനടുത്ത ദൗത്യമാണല്ലോ. ആടുകളെ അറിയുന്ന, അവ എന്നെ തിരിച്ചറിയുന്ന, ആ ബന്ധം (യോഹ.10) ഈ കൊറോണാ കാലത്തും ഞാൻ തുടരണം. എത്ര പേരാണ് ജോലിയില്ലാതെ, കൂലിയില്ലാതെ, വീട്ടിൽ കഴിയുന്നത്?

🤷 എത്ര പേരാണ് അവരുടെ നെടുവീർപ്പുകൾ അച്ചൻ അറിയണം, അവർക്കുവേണ്ടി അച്ചൻ എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്നത്?

🗣️ ശരിയാണ്. പ്രളയകാലത്ത് അങ്ങിനെയൊക്കെ ആയിരുന്നു. ഇത് പക്ഷേ പ്രത്യേക സാഹചര്യമല്ലേ? എന്തെങ്കിലും നിർദ്ദേശങ്ങൾ ?

🤷 ഇത്തിരി പോന്ന ഞാനെന്ത് നിർദ്ദേശങ്ങൾ നൽകാൻ!

🗣️ എന്നിട്ട് എന്നെ ഇരുത്തി ചിന്തിപ്പിക്കുന്ന - വെറുതെ ഇരുത്താത്ത - കാര്യങ്ങളാണല്ലോ നീ പറയുന്നത്!

🤷 ഒരു വൈദികൻ 24 മണിക്കൂറും വൈദികൻ തന്നെ.

🗣️ ശരിയാണ്. എങ്കിൽ, കൊറോണാ കാലത്തേക്ക് വളരെ പ്രായോഗികമായ ചില അജപാലന പ്രവർത്തനങ്ങൾ?

🤷 അങ്ങിനെ സ്റ്റാന്റേർഡ് പ്രവർത്തനങ്ങളില്ലച്ചോ. ഓരോ പ്രാദേശിക, ഇടവക സാഹചര്യങ്ങളിൽ അച്ചൻ തന്നെ കണ്ടെത്തണം. അച്ചന്റെ കൈക്കാരന്മാരോടും ഇടവകയിലെ യുവാക്കളോടും മറ്റുള്ളവരോടും അച്ചന് ആലോചിക്കാമല്ലോ. നേരിട്ടു വേണ്ട, ഫോണിൽ മതി.

🗣️ കേട്ട ചില കാര്യങ്ങൾ നിനക്ക് പങ്കുവയ്ക്കാമല്ലോ. ഇതിന് comments ഇടുന്നവരും പറഞ്ഞേക്കണേ!

🤷 ഞാൻ കേട്ടതു പറഞ്ഞേക്കാം:
🤷 അരണാട്ടുകരയിൽ നിരീക്ഷണത്തിലായിരുന്ന കുടുംബത്തെ അവിടുത്തെ ഐനിക്കലച്ചൻ എന്നും വിളിച്ച് സംസാരിച്ചിരുന്നുവത്രേ.
🤷 ചില അച്ചന്മാർ ദിവസവും കുർബാനയിലെ സുവിശേഷ വായനക്ക് മുമ്പ് മൂന്ന് വാക്യത്തിൽ പറയാറുള്ള വിചിന്തനം വാട്സപ്പിൽ കൊടുക്കുന്നുണ്ടത്രേ - വാക്കുകളായും വോയ്സായും

🗣️ കൊള്ളാമല്ലോ. ചെയ്യാവുന്നതേയുള്ളൂ. മറ്റെന്തെങ്കിലും ?

🤷 അച്ചൻ കമന്റ് ബോക്സിൽ ഒന്ന് നോക്കിക്കേ. വന്നോ? നിർദ്ദേശങ്ങൾ വരുമായിരിക്കും. വരാതിരിക്കില്ല. ചിലർക്കൊക്കെ 'ലഡു' പൊട്ടിയിട്ടുണ്ട്. എഴുതുമായിരിക്കും.
✍️✍️✍️

from ടോണി പിതാവ് 25 മാർച്ച് 2020

Monday, March 30, 2009

Te beutiful city hall of Leuven


The City Hall of Leuven at night










The building next to the City Hall at night



With the De Le Salle Brothers with whom I stayed during my student days.


From the top of the University Hall. Behind is the St. Peter's Church and the City Hall.

എന്‍റെ Leuven വാസം 2009



As some of you might know, I am in Leuven, Belgium, giving some lectures on Eastern Religions and Intercultural and Interreligious Dialogue. Here is a photo with Prof. Lieven Boeve, Dean, Faculty of Theology, K. U. Leuven.


Below You will find some of the photos of Leuven days.



Sunday, January 4, 2009

My First Blog

Hello There!
This is my first blog page! I am still learning. Hope to focus on this Blog further.


I had created a web page earlier (in 1997) in Tripod.com. If you want to know more about me as of 1996, visit http://neelankavil.tripod.com/, though I don't update it any more.


You will see some of my earlier photo albums on the net at http://members.tripod.com/tneelan/index.html


You will find some interesting links to Catholic Theology, Spirituality, Homily, etc., at http://members.tripod.com/Neelankavil/Links/Links.html