Friday, March 27, 2020

Reflections on this Period of Corona Quarantine

27 -March-2020
ഈ കൊറോണാ കാലത്ത് Quarantine ചിന്തകൾ


1. ഈ കൊറോണാ കാലത്ത് ....1


" ഇത് എന്റെ ഓർമ്മക്കായി ചെയ്യുവിൻ" (1 കൊറി. 11, 24) എന്ന് പറഞ്ഞവൻ തന്നെ നമ്മോട് പറഞ്ഞിട്ടുണ്ട്: "എന്നാൽ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക. (മത്താ. 6, 6)"
ഇതാ, മുറിയിൽ കടന്ന്, കതകടച്ച്, നീയും പിതാവായ ദൈവവും മാത്രമായി സംവദിക്കാനുള്ള അവസരം - കൊറോണാ കാലം.

"മനുഷ്യരാശിയുടെ എല്ലാ പ്രശ്നങ്ങളും ഉത്ഭവിക്കുന്നത് ഒരു മുറിയിൽ നിശ്ശബ്ദമായി ഇരിക്കുവാനുള്ള കഴിവില്ലായ്മയിൽ നിന്നാണ് ". (Blaise Pascal, Pensées).

ഒന്നിനും സമയം തികയാതെ നാം പരക്കം പാഞ്ഞിരുന്നപ്പോഴും പലതിനും പരിഹാരമായില്ല.  കുമിഞ്ഞുകൂടിയ അനാവശ്യങ്ങളും, ആർഭാടങ്ങളുടെ സ്വർണ കാളക്കുട്ടി (പുറ. 32) തുറന്നു വിട്ട കോലാഹലങ്ങളും, സ്വാർത്ഥതയുടെ വിവിധ ഭാവങ്ങൾ തിന്മയുടെ അഴുക്ക്കൂമ്പാരം തീർത്തതും മിച്ചം!

അഴുക്ക് കുമിഞ്ഞുകൂടുന്നിടത്ത് പകർച്ചവ്യാധികളുണ്ടാകും. കൊറോണാ കാലത്ത് മനുഷ്യൻ ക്വാരരൈന്റനിൽ പോയപ്പോൾ, പ്രകൃതി സ്വയം കഴുകി ശുദ്ധി വരുത്തിക്കൊണ്ടിരിക്കുന്നത്രേ. നദീജലം കണ്ണുനീർ തുള്ളികളാകുന്നു! മത്സ്യമൃഗാദികളും പറവകളും പ്രകൃതിയെ പറുദീസയാക്കുന്നു!

നമ്മിലെ ആന്തരികതയും ഉണർന്ന് യുവത്വം വീണ്ടെടുക്കേണ്ടേ? മുറിയിൽ പ്രവേശിക്കാം; നിശ്ശബ്ദതയെ പുണരാം. പിതാവിന്റെ സ്നേഹത്തിൽ നവീകരിക്കപ്പെടാം.

ടോണി പിതാവ് 22 മാർച്ച് 2020

2. ഈ കൊറോണാ കാലത്ത്.... 2

എന്റെ മുറിയുടെ നാല് ഭിത്തികൾക്കകത്ത്, കതകടച്ച് കഴിഞ്ഞു കൂടുമ്പോൾ ഞാൻ തിരിച്ചറിയുന്നതെന്താണ്? പള്ളിയിൽ പോകാൻ പറ്റാത്ത വേദനയുണ്ടെന്നത് ശരി. ജോലിയില്ലെങ്കിൽ അടുപ്പിൽ തീ കത്തുകയില്ല എന്നതും ന്യായമായ ദുഃഖം. അതിനാൽ, എത്രയും വേഗം ഈ അവസ്ഥയിൽ നിന്നും മോചനം കിട്ടണം. അതിനായി ഉള്ളുരുകി   സകലത്തിന്റെയും ഉടയവനോട്, നമ്മുടെ കർത്താവിനോട് നമുക്ക് പ്രാർത്ഥിക്കാം.

എന്നാൽ, ഓർമ്മയിലുള്ളത് ഒന്ന് ഒത്തുനോക്കാം. എല്ലാ സ്വാതന്ത്രൃത്തിലും ഞാൻ ഓടിയിരുന്ന ഓട്ടങ്ങളെല്ലാം ആവശ്യമുള്ളവയ്ക്കായിരുന്നുവോ? ഇന്ന് ഞാൻ കുടുംബത്തോടൊപ്പം ചിലവഴിച്ചപ്പോൾ കിട്ടിയ ആനന്ദത്തിന് പകരം വയ്ക്കാവുന്നവയായിരുന്നുവോ? എല്ലാം മക്കൾക്കു വേണ്ടി എന്നു പറഞ്ഞ് അദ്ധ്വാനിക്കുമ്പോഴും അവർക്കു വേണ്ടി സമ്പാദിച്ചതിനപ്പുറം അവരുമായി ഇന്ന് പങ്കുവച്ചതു പോലുള്ള മധുരസ്മരണകളെന്തുണ്ട് സമ്പാദ്യമായി?

ഞാൻ എന്താണ്  (being) എന്നതിനേക്കാൾ എനിക്ക് എന്തുണ്ട് (having) എന്നതിനല്ലേ ഇത്രയും നാൾ ഞാൻ പ്രാധാന്യം കൊടുത്തത്? സ്വരുക്കൂട്ടുന്നതിൽ ഞാൻ അഭിരമിച്ചു. കൂടുതലുള്ളവന് കൂടുതൽ ബഹുമാനം. ഇല്ലാത്തവനെ കണ്ടതായി നടിച്ചില്ല.

പോയ വർഷങ്ങളിലെ പ്രളയം പഠിപ്പിച്ചതാണ് സ്വരുക്കൂട്ടിയതുകൊണ്ട് വലുതാകുന്നില്ലെന്ന്. എന്നിട്ടും നാം ചിലരെ വരുത്തരും താഴ്ന്ന പൗരരോ പൗരത്വമില്ലാത്തവരോ ആക്കാൻ കെണിയൊരുക്കി. വീണ്ടും ഇതാ ഒരു
കൊറോണാക്കാലം നമ്മെ എല്ലാവരെയും തുല്യരാക്കിയിരിക്കുന്നു. എല്ലാവർക്കും ഇത്തിരിപ്പോന്ന ലോകമേ ആവശ്യമുള്ളൂ എന്ന് പഠിപ്പിച്ചിരിക്കുന്നു.

വിട്ടുകൊടുക്കുവാൻ പരിശീലിക്കണമെന്ന് കത്തോലിക്കാ അസ്തിത്വചിന്തകനായ  ഗബ്രിയേൽ മാർസൽ :

"സമൂഹത്തിൽ ആയിരിക്കുന്നതും സമ്പാദിക്കുന്നതും എല്ലാം കൈവശപ്പെടുത്തുന്നതിന് നമ്മെ പഠിപ്പിച്ചു. എന്നാൽ, പഠിക്കേണ്ടിയിരുന്നത് വിട്ടു കൊടുക്കുന്നതിന്റെ കലയായിരുന്നു. കാരണം, വിട്ടു കൊടുക്കൽ അഭ്യസിക്കാതെ  സ്വാതന്ത്ര്യമോ യഥാർത്ഥ ജീവിതമോ ഇല്ല.''

ഇതുവരെ ജീവിച്ചത് എന്റെ ലോകം കെട്ടിപ്പടുക്കാൻ. കഞ്ഞുണ്ണി മാഷ് പാടിയത് എത്രയോ ശരി!

" എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം"

അതുകൊണ്ട് കായേനെപ്പോലെ ഞാനും ചോദിച്ചു: "ഞാനാണോ എന്റെ സഹോദരന്റെ കാവൽക്കാരൻ?" (ഉത്പത്തി 4, 9).

"സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ..." എന്ന് മനമുരുകി പ്രാർത്ഥിക്കാം. 'ഞങ്ങൾ' - ഭൂലോകത്തുള്ള എല്ലാവരും - ഏകപിതാവിന്റെ മക്കൾ, ഏകോദര സഹോദരർ! സഹോദരാ, നീയും ഞാനുമുള്ളതു കൊണ്ടാണ് സഹോദര്യം ഞാനറിയുന്നത്. അതിനാൽ, ഈ കൊറോണാ കാലത്ത് ഞാൻ സാമൂഹിക അകലം പാലിക്കുന്നത് എനിക്കു വേണ്ടി മാത്രമല്ല, നിന്നെ രക്ഷിക്കാൻ വേണ്ടി കൂടിയാണ്. 

അതേ, ഇനി 'എനിക്കില്ലൊരു ലോകം; നിനക്കില്ലൊരു ലോകം; നമുക്കുണ്ടൊരു ലോകം'
 ആ ലോകം നേടാൻ ഒരു കൊറോണാക്കാലം!

ടോണി പിതാവ്  23 മാർച്ച് 2020

3. ഈ കൊറോണാ കാലത്ത് .... 3: അജപാലനം

🤷ഒറ്റക്ക് കുർബാന ചൊല്ലി ദിവസം തള്ളിനീക്കുന്നതിൽ  അജപാലന ദൗത്യം തീർന്നോ അച്ചോ?

 🗣️ഇല്ല; കുർബാനയിൽ എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നുണ്ട്.

🤷എല്ലാവരെയും?

🗣️ നേരത്തെ ഏല്പിച്ചിട്ടുള്ള കുർബാന നിയോഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. പിന്നെ, ഇടവകക്കാർക്ക് എല്ലാവർക്കും വേണ്ടിയും.

🤷 നന്ദി അച്ചോ. അപ്പോൾ, കൊറോണാ വിഷയം പ്രാർത്ഥനയിലില്ലേ?

🗣️ ഉണ്ടല്ലോ. അവനില്ലേ, ആ വൈറസ്? അതല്ലേ എല്ലാ ഗുലുമാലിനും കാരണം?

🤷 അച്ചൻ കോവിഡിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണോ?

🗣️ അല്ലാ, അവനെ തുരത്താനുള്ള നല്ല ബുദ്ധി ശാസ്ത്രജ്ഞന്മാർക്ക് കാണിച്ചു കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുകയാ.

🤷 അപ്പോൾ വൈറസ് ബാധിച്ചവരുടെ കാര്യമോ?

🗣️ തീർച്ചയായും. പിന്നെ, നിരീഷണത്തിലുള്ളവർ, ശുശ്രൂഷിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.

🤷 അച്ചന്റെ ഇടവകയിൽ എത്ര കൊറോണാ രോഗികളുണ്ട് ? നിരീക്ഷണത്തിലാരെങ്കിലും?

🗣️ രോഗികളുള്ളതായി കേട്ടില്ല. നിരീക്ഷണത്തിൽ ആരെങ്കിലും ഒക്കെ കാണുമായിരിക്കും.

🤷 ഒന്നും കൃത്യമായി അറിയില്ല, അല്ലേ? അറിയാനുള്ള വഴികളില്ലേ?

🗣️ ഞാൻ അതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. വഴികളൊക്കെയുണ്ട്. ഇടവക പള്ളിക്ക് ഫേസ് ബുക്ക് ഉണ്ട്. വാട്സപ്പ് ഗ്രൂപ്പുകളാണെങ്കിൽ അനേകം. യൂണിറ്റുകൾക്കു വരെയുണ്ട്. ഒന്ന് അന്വേഷിച്ചുനോക്കാം.

🤷 രോഗികളുണ്ടെന്നറിഞ്ഞാൽ, അവരെ മനസ്സിൽ കണ്ട് പ്രാർത്ഥിക്കാനാകും. നിരീക്ഷണത്തിലുള്ളവർ എന്ത് ആധിയിലായിരിക്കും, അല്ലേ അച്ചോ!

🗣️ ശരിയാ. നിയോഗം വച്ച് പ്രാർത്ഥിക്കുവാൻ സാധിക്കും.

🗣️അല്ലേലും നേരെ ഓഫീസിൽ വന്ന് പറഞ്ഞാലേ പ്രാർത്ഥിക്കൂ എന്ന് ഇനി വാശി പിടിക്കാനാകില്ലല്ലോ. കണ്ടും എഴുതി ഒപ്പിട്ടും മാത്രം വിശ്വസിച്ച് കാര്യം നടത്തിക്കൊടുക്കുന്ന ആ തോമ്മാശ്ലീഹാ സ്റ്റൈൽ മാറ്റണമെന്ന് പലരും ഒതുക്കത്തിൽ പറയുന്നത് ഞാൻ ഒളിഞ്ഞു കേട്ടിട്ടുണ്ട്.

🤷 ഒളിഞ്ഞു കേൾക്കുന്നത് ശരിയാണോ അച്ചോ? നേരെ പറയാമെന്നുവച്ചാൽ അച്ചൻ പേടിപ്പിച്ചു വിറപ്പിച്ചു നിറുത്തിയിരിക്കുകയല്ലേ ?

🗣️ ഇപ്പോൾ സമയം കുറെയുണ്ടല്ലോ. എന്റെ ശൈലി മാറുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു കൊണ്ടിക്കുകയാണ്. വാസ്തവത്തിൽ, എന്റെ ജനത്തെ കാണാൻ പറ്റാത്തതിന്റെ വേദനയിലാണ് ശൈലി മാറണമെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അവരില്ലെങ്കിൽ എന്തു ഞാൻ!

🤷 ശരിയാണച്ചോ. ഇപ്പോഴെങ്കിലും ബോധമുദിച്ചല്ലോ! ഈ കൊറോണാ കാലത്ത് അച്ചനും ദൈവജനവും ചേർന്നുള്ള ഇഴയടുപ്പം ഊഷ്മളമാക്കാൻ എന്തു ചെയ്യാം?

🗣️ ഫോൺ നമ്പറുകളിവിടെയുണ്ട്. ഓരോ കുടുംബത്തെയും ഒന്നു വിളിച്ചാലോ? മൊബൈൽ കണക്ഷൻ അൺ ലിമിറ്റഡ് കാളുകളുള്ളതാ.

🤷 നല്ല കാര്യം. അപ്പോൾ അച്ചന്റെ അനുദിന ബലിയർപ്പണം ഒറ്റക്കാകില്ല. ഫോണിന്റെ അങ്ങേ തലക്കുനിന്ന് എന്തെല്ലാം കാര്യങ്ങൾക്കു വേണ്ടിയാണ് അവർ പ്രാർത്ഥിക്കുവാൻ പറയുക?

🗣️മിക്കതും എഴുതിയെടുക്കേണ്ടിവരും. ആ കടലാസും അൾത്താരയിലിരിക്കട്ടെ അല്ലേ?

🤷 ചില കാര്യങ്ങൾ പ്രാർത്ഥിച്ചതുകൊണ്ടു മാത്രം പോരാ, അച്ചോ. തമ്പുരാൻ ചിലതൊക്കെ ചെയ്യാനും പറഞ്ഞേക്കാം.

🗣️ അതെന്താ?

🤷 ആ തറയിൽ പിതാവ് പറഞ്ഞില്ലേ, അടുപ്പിൽ തീകത്താത്ത ഒരു വീടു പോലും ഇടവകയിൽ ഉണ്ടാകാതെ നോക്കണമെന്ന്?

🗣️ ശരിയാണല്ലോ. അതും എന്റെ ഇടയനടുത്ത ദൗത്യമാണല്ലോ. ആടുകളെ അറിയുന്ന, അവ എന്നെ തിരിച്ചറിയുന്ന, ആ ബന്ധം (യോഹ.10) ഈ കൊറോണാ കാലത്തും ഞാൻ തുടരണം. എത്ര പേരാണ് ജോലിയില്ലാതെ, കൂലിയില്ലാതെ, വീട്ടിൽ കഴിയുന്നത്?

🤷 എത്ര പേരാണ് അവരുടെ നെടുവീർപ്പുകൾ അച്ചൻ അറിയണം, അവർക്കുവേണ്ടി അച്ചൻ എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്നത്?

🗣️ ശരിയാണ്. പ്രളയകാലത്ത് അങ്ങിനെയൊക്കെ ആയിരുന്നു. ഇത് പക്ഷേ പ്രത്യേക സാഹചര്യമല്ലേ? എന്തെങ്കിലും നിർദ്ദേശങ്ങൾ ?

🤷 ഇത്തിരി പോന്ന ഞാനെന്ത് നിർദ്ദേശങ്ങൾ നൽകാൻ!

🗣️ എന്നിട്ട് എന്നെ ഇരുത്തി ചിന്തിപ്പിക്കുന്ന - വെറുതെ ഇരുത്താത്ത - കാര്യങ്ങളാണല്ലോ നീ പറയുന്നത്!

🤷 ഒരു വൈദികൻ 24 മണിക്കൂറും വൈദികൻ തന്നെ.

🗣️ ശരിയാണ്. എങ്കിൽ, കൊറോണാ കാലത്തേക്ക് വളരെ പ്രായോഗികമായ ചില അജപാലന പ്രവർത്തനങ്ങൾ?

🤷 അങ്ങിനെ സ്റ്റാന്റേർഡ് പ്രവർത്തനങ്ങളില്ലച്ചോ. ഓരോ പ്രാദേശിക, ഇടവക സാഹചര്യങ്ങളിൽ അച്ചൻ തന്നെ കണ്ടെത്തണം. അച്ചന്റെ കൈക്കാരന്മാരോടും ഇടവകയിലെ യുവാക്കളോടും മറ്റുള്ളവരോടും അച്ചന് ആലോചിക്കാമല്ലോ. നേരിട്ടു വേണ്ട, ഫോണിൽ മതി.

🗣️ കേട്ട ചില കാര്യങ്ങൾ നിനക്ക് പങ്കുവയ്ക്കാമല്ലോ. ഇതിന് comments ഇടുന്നവരും പറഞ്ഞേക്കണേ!

🤷 ഞാൻ കേട്ടതു പറഞ്ഞേക്കാം:
🤷 അരണാട്ടുകരയിൽ നിരീക്ഷണത്തിലായിരുന്ന കുടുംബത്തെ അവിടുത്തെ ഐനിക്കലച്ചൻ എന്നും വിളിച്ച് സംസാരിച്ചിരുന്നുവത്രേ.
🤷 ചില അച്ചന്മാർ ദിവസവും കുർബാനയിലെ സുവിശേഷ വായനക്ക് മുമ്പ് മൂന്ന് വാക്യത്തിൽ പറയാറുള്ള വിചിന്തനം വാട്സപ്പിൽ കൊടുക്കുന്നുണ്ടത്രേ - വാക്കുകളായും വോയ്സായും

🗣️ കൊള്ളാമല്ലോ. ചെയ്യാവുന്നതേയുള്ളൂ. മറ്റെന്തെങ്കിലും ?

🤷 അച്ചൻ കമന്റ് ബോക്സിൽ ഒന്ന് നോക്കിക്കേ. വന്നോ? നിർദ്ദേശങ്ങൾ വരുമായിരിക്കും. വരാതിരിക്കില്ല. ചിലർക്കൊക്കെ 'ലഡു' പൊട്ടിയിട്ടുണ്ട്. എഴുതുമായിരിക്കും.
✍️✍️✍️

from ടോണി പിതാവ് 25 മാർച്ച് 2020

No comments: